പാൽ ഭൂതം

പശൂനെ നോക്കാൻ കെൽപ്പില്ലാണ്ടാവുകയും നോക്കാനുള്ള ചിലവുകൂടുകയും ചെയ്തോടെയാണ്‌ അമ്മൂമ്മ വീട്ടിലെ പശൂനെ വിൽക്കാൻ തീരുമാനിച്ചത്‌.അധികം താമസിയാതെ തന്നെ അതിനെ വിൽക്കുകയും ചെയ്തു.

അതിനു പിന്നാലെ ആയിരുന്നു ചിറ്റേടെ പ്രസവവും ഞങ്ങടെ വീട്ടിലേക്കുള്ള വരവും. "ഇത്തിരിക്കോളം വന്ന രണ്ട്‌ പിള്ളാരും അമ്മേം". അങ്ങിനെ അവധികാലം ആഘോഷമാക്കാൻ എത്തിയതാണ്‌. ഉണ്ണീയെ കണ്ടാൽ അറീഞ്ഞൂടെ ഊരിലെ പഞ്ഞം എന്നു പറയുന്ന അവസ്ഥയിലായിരുന്നു ഞാൻ. കഴിക്കാനും കളയാനും ഉള്ള കുഴൽ നേരെ കണക്ഷൻ ഉള്ള മാതിരി. എല്ലെല്ലാം എണ്ണിയെടുക്കാം,

"എന്താ വനജേ, ഇവന്‌ എന്തെങ്കിലും കൊടുത്തൂടെ" എന്ന് അമ്മേടെ അമ്മാവന്റെ ചോദ്യം കൂടി ആയപ്പോൾ പശൂനെ വിറ്റുകളഞ്ഞതിന്റെ വിഷമം ഇരട്ടിയായി അമ്മൂമ്മയ്ക്ക്‌.

"ന്റെ കുട്ട്യേ..ഇവിടേന്ന് പോവുമ്പോഴേക്കും നിന്നെ ഇത്തിരിയെങ്കിലും നന്നാക്കും ഞാൻ", അമ്മൂമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ പാകത്തിന്‌ പക്വത ഇല്ലാതിരുന്നതുകൊണ്ട്‌ ആ സമയം തേങ്ങേറ്റക്കാരൻ നാരായണേട്ടന്റെ വെട്ടോത്തിയെടുത്ത്‌ കാവിലെ വെളിച്ചപ്പാട്‌ തുള്ളുന്ന മാതിരി തുള്ളിക്കോണ്ടോടി.

പിറ്റേന്ന് വീടിന്റെ പടിക്കൽ ആരെയോ കാത്തെന്നവണ്ണം അമ്മൂമ്മ നിക്കണകണ്ടപ്പോൾ "ന്താ മ്മൂമ്മേ ഇവടെ നിക്കണേ?" എന്നുചോദിച്ചെങ്കിലും മറുപടികിട്ടാതെ വന്നപ്പോൾ കൊഞ്ഞനം കാണിച്ചുകൊണ്ട്‌ പാടത്തേക്ക്‌ ഓടി.

വൈകുന്നേരം വേണുച്ചേട്ടന്റെ കാറിന്റെ പഴയ ടയർ ഉരിട്ടിക്കൊണ്ട്‌ നടക്കുമ്പോഴാണ്‌ വീടിന്റെ പടിക്കൽ പാൽക്കാരൻ മത്തായി എന്തോ സാധനം വച്ചിട്ട്‌ പോണകണ്ടത്‌. ഓടിപ്പോയി നോക്കീപ്പോ ഒരു കുപ്പിപ്പാല്‌.

ദേമ്മൂമ്മെ!! പടീക്കല്‌ ഒരൂപ്പി പ്പാല്‌....

പറഞ്ഞുതീരും മുൻപേ അമ്മൂമ്മ വന്ന് അതെടുത്ത്‌ അകത്തേക്കുപോയി..പിന്നീടങ്ങോട്ട്‌ ദിവസോം ചായക്കു പകരം പാലായി..കുശാലായി!!

രാവിലെ മൂന്നുമണിക്കു പാലുവരും.വൈകീട്ടും അതേ സമയം. പാൽകുപ്പി കൊണ്ടുവയ്ക്കുന്ന സമയത്ത്‌ മത്തായി രണ്ട്തവണ പടിയിൽ കൊട്ടും..പാല്‌ വച്ചിട്ടുണ്ട്‌ എന്നറിയിക്കാൻ , വലിയ ബഹളം ഒന്നും ഇല്ലാത്തസമയം ആയതുകൊണ്ട്‌ അമ്മൂമ്മ ശബ്ദം കേൾക്കുമ്പോഴേ എണീക്കും. പിന്നീട്‌ ഉറക്കം കഷ്ടിയാണ്‌, പിന്നെ വീട്ടു ജോലിയായി തിരക്കായി.

കുറച്ചു ദിവസത്തിനുശേഷമാണ്‌ ഒരു വിചിത്രശബ്ദം അമ്മൂമ്മയുടെ ശ്രദ്ധയിൽ പെട്ടു തുടങ്ങിയത്‌. ഏകദേശം അഞ്ചുമണിയാകുമ്പോൾ ഒരു ഉം...ഉം....ഉം... ശബ്ദം കേട്ടുതുടങ്ങും പതിയെ പതിയെ ശബ്ദത്തിനു തീവ്രത കൂടിക്കൂടി വരും. ഉം..ഉം..ഉം...ഉം..ഉം..പിന്നെ അതു അകന്നുപോവും....പിന്നെ ഇല്ലാണ്ടാവും. ഇതു ദിവസേനയുള്ള ചടങ്ങായി മാറിയപ്പോഴാണ്‌ അമ്മൂമ്മ എല്ലാവരോടും പറഞ്ഞത്‌. കേട്ടവർ എല്ലവരും ധൈര്യശാലികളായതുകൊണ്ട്‌ ആരും ഒന്നും മിണ്ടിയില്ല.

അന്നുവൈകീട്ട്‌ മത്തായി വന്നപ്പോഴും അമ്മൂമ്മ പറയാൻ മറന്നില്ല.

മത്തായി, രാവിലെ ഒരു പേടിണ്ടാക്കണ ശബ്ദം കേക്കണുണ്ടല്ലോ!! എന്താണെന്നറിയില്ല..ഒരു വലിയശബ്ദം...കൂടിക്കൂടി വരും.പിന്നെ ഇല്ലാണ്ടാവും.

ന്റെ അമ്മിണിയമ്മേ, നെറെ ഭൂതോം പ്രേതോം ഒള്ള നാടല്ലേ ത്‌..ഒന്നും പറയാൻ വയ്യ..

ഒട്ടും താമസിയാതെ മത്തായീടെ മടുപടീം വന്നു. അതും കേട്ടതോടെ അമ്മൂമ്മക്ക്‌ പേടി ഇരട്ടിയായി.

പിന്നീടൂം ആ പേടീപ്പെടുത്തുന്ന ശബ്ദത്തിനു തീ‍ീവ്രത കൂടീയതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല.എങ്ങുനിന്നോ വരുന്നു എങ്ങോട്ടോ പോകുന്നു. പിന്നീട്‌ ഒരു ദിവസം ചിറ്റേടെ മോൾക്ക്‌ പനി വന്നത്‌ കാരണം, ചിറ്റയും മോളും സാധാരണ കിടക്കാറുള്ള മുറിയിൽ നിന്നും മാറി നല്ല വായുസഞ്ചാരമുള്ള, റോഡിനോട്‌ തൊട്ടടുത്തുള്ള മുറിയിൽ കിടന്നു. അന്നും പതിവുപോലെ ഉം..ഉം..ഭൂതം എത്തി... ചിറ്റക്ക്‌ ശബ്ദം വളരെ അടുത്തായിരുന്നു. ധൈര്യം വളരെ കൂടുതൽ ആയതുകൊണ്ട്‌ ജനൽ തുറക്കാനും മടി. അങ്ങിനെ ഒരു കാര്യം ഉറപ്പായി..ഭൂതം റോഡിലാണ്‌ സഞ്ചാരം!!!

പിന്നെ എങ്ങുനിന്നോകിട്ടിയ ധൈര്യത്തിന്റെ ബലത്തിൽ അമ്മൂമ്മ തന്നെ ഇതിനൊരറുതി വരുത്താൻ തീരുമാനിച്ചു.അമ്മെയും ചിറ്റയെയും കൂട്ടിനു വിളിക്കുകയും ചെയ്തു.

പിറ്റേന്ന് രാവിലെ തന്നെ മത്തായി പാലുമായി എത്തി പതിവ്‌ മുടക്കാതെ പടിക്കൽ കൊട്ടി യാത്രയായി. നേരത്തെ പറഞ്ഞതിൻ പടി മൂവരും പടിക്കലുള്ള മുല്ലയുടെ മറവിൽ പോയിരുന്നു. മുല്ലേടെ പിന്നിൽ നിന്നാൽ ഭൂതത്റ്റിനെന്നല്ല അതിന്റെ പിന്നിൽ നിന്നവർക്കുതന്നെ അവനവനെ കണ്ടുപിടിക്കാൻ പറ്റില്ല, അതുമാതിരിയാണ്‌ മുല്ല. സമയം അങ്ങിനെ ഇഴഞ്ഞു നീങ്ങി..അപ്രതീക്ഷിതമായി എന്തോ സംഭവിക്കാൻ പോകുന്നു എന്നതോന്നൽ എല്ലാവരിലും ഒരു പേടി വളർത്തിയെങ്കിലും മൂന്നുപേരുണ്ടല്ലോ എന്ന വിശ്വാസം അവരെ അവിടെ തന്നെ പിടിച്ച്നിർത്തി.

ഏകദേശം അഞ്ചുമണിയാകാറായി,അവ്യക്തമായ ഭൂതത്തിന്റെ ശബ്ദം കഎട്ടുതുടങ്ങി....ഉം..ഉം..ഉം...ശബ്ദം കേട്ട ദിക്കിലേക്കു മൂവരും എത്തിനോക്കി....അവ്ക്യതമായ ഒരു രൂപം റോഡിലൂടെ നടന്നുവരുന്നു....അത്‌ അടുക്കുംതോറൂം ശബ്ദത്തിന്‌ ശക്തിയും കൂടിവരുന്നു..ആ രൂപത്തിനു വ്യക്ത്തയും കൂടി വന്നു...ശബ്ദം വളരെ അടുത്തെത്തിയപ്പോൾ എന്തോമനസ്സിലാക്കിയ അമ്മൂമ്മ മുല്ലയുടെ പിന്നിൽ നിന്നും മാറി പടികടന്ന് റോഡിൽ വന്നു നിന്നു...എന്നിട്ടൊരു ചോദ്യവും...

ന്താ മത്തായി...ഇപ്പൊ ഭൂതങ്ങളൊക്കെ പാൽക്കച്ചോടം നടത്താനും തുടങ്ങിയോ!!!!

ശബ്ദം പെട്ടെന്നു നിലച്ചു..നോക്കുമ്പോൾ മത്തായി വിറങ്ങലിച്ച്‌ നിൽക്കുന്നു..

ന്നാലും ന്റെ മാത്തായി ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ?? ഒന്നു പറഞ്ഞൂടായിരുന്നോ നിനക്ക്‌??

തന്റെ ചെയ്തികൾ കയ്യോടെ പിടിക്കപ്പെട്ടതുകൊണ്ട്‌ ആ പാവം സത്യം പറഞ്ഞു... കപ്യാരുടെ വീട്ടിൽ പാലുകൊടുക്കാൻ സെമിത്തേരി കടന്നുവേണം പോവാൻ, സ്വതവേ പേടിത്തൊണ്ടനായ മത്തായിക്ക്‌ അത്‌ വലിയൊരു ജോലിതന്നെയായിരുന്നു.അതും അതിരാവിലെ പള്ളിസെമിത്തേരി കടന്നുപോവുമ്പോൾ ഒരുതരിവെളിച്ചം കൂടെകാണില്ല..അതുകൊണ്ട്‌ പള്ളിസെമിത്തേരിയടുക്കുന്നിടംതൊട്ട്‌ തിരികെ വീട്ടിൽ എത്തുന്നതുവരെ മരൊരുശബ്ദവും കേൾക്കാതിരിക്കാൻ തന്റെ കയ്യിലെ കാലിക്കുപ്പിയിൽ ഊതുമ്പോളുണ്ടാവുന്ന ശബ്ദമായിരുന്നു ഉം..ഉം..

ന്നാലും നി ഇങ്ങനൊന്നും ചെയ്യരുത്‌ ട്ടോ!!! എല്ലാരേം പേടിപ്പിച്ചില്ലേ നീ...ശരി തൽക്കാലം ആരോടും പറയണില്ല..ഇനി ആവർത്തിക്കരുത്‌..

ഇല്ലെന്നെ മട്ടിൽ തലയാട്ടി, കയ്യിലിരുന്ന കുപ്പി സഞ്ചിയിലുമാക്കി പാൽ ഭൂതം മത്തായി വീട്ടിലേക്കുള്ള വഴി പിടിച്ചു.

അങ്ങിനെ വലിയൊരുപേടിയെ പുഷ്പം പോലെ ഇല്ലതാക്കിയ സന്തോഷത്തിൽ മൂവർ സംഘം തിരിച്ചു നടന്നു. "പാൽ ഭൂത"ത്തിനെ പിന്നെയും പലതവണ കണ്ടിരിക്കുന്നു. എങ്കിലും പിന്നീടൊരിക്കലും ആ ശബ്ദം ആവർത്തിച്ചിട്ടില്ല...

(പണ്ടെങ്ങോ കേട്ടുമറന്ന ഒരു അമ്മൂമ്മക്കഥ...അമ്മൂമ്മയെപറ്റിപറയുമ്പോൾ നിറയെ ഉണ്ട്‌...ചില സ്നേഹങ്ങളും ലാളനകളൂം മനസിലാക്കാൻ വൈകുമ്പോൾ...പൊലിഞ്ഞുപോയ ആ സ്നേഹത്തിന്റെ അക്ഷയപാത്രത്തെ ഒരുനോക്കുകൂടെ കണ്ടെങ്കിൽ...ആ സ്നേഹം ഞാൻ മനസ്സിലാക്കിയെന്ന് ഒരു വാക്കു പറയാൻ കഴിഞ്ഞെങ്കിലെന്ന് ആശിച്ച്‌ പോകുന്നു... )
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

8 comments:

 1. പണ്ടെങ്ങോ കേട്ടുമറന്ന ഒരു അമ്മൂമ്മക്കഥ...അമ്മൂമ്മയെപറ്റിപറയുമ്പോൾ നിറയെ ഉണ്ട്‌...ചില സ്നേഹങ്ങളും ലാളനകളൂം മനസിലാക്കാൻ വൈകുമ്പോൾ...പൊലിഞ്ഞുപോയ ആ സ്നേഹത്തിന്റെ അക്ഷയപാത്രത്തെ ഒരുനോക്കുകൂടെ കണ്ടെങ്കിൽ...ആ സ്നേഹം ഞാൻ മനസ്സിലാക്കിയെന്ന് ഒരു വാക്കു പറയാൻ കഴിഞ്ഞെങ്കിലെന്ന് ആശിച്ച്‌ പോകുന്നു...

  മറുപടിഇല്ലാതാക്കൂ
 2. അച്ചു12/11/2009 8:57 AM

  ഫോർ ആൾ, അഭിപ്രായത്തിനു നന്ദി,

  നന്ദി പ്യാരി,

  നന്ദി ഷെർലോക്...

  മറുപടിഇല്ലാതാക്കൂ
 3. Hari

  ente muththazziye Ormma vannu...
  nalla sambhavam. vivaraNavum koLLaam
  :-)
  Upasana

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!